സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ കണക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്.
ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. കടലിൽ മോശം കാലാവസ്ഥയും, ശക്തമായ കാറ്റും നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
പാംബ്ള, കല്ലാർകുട്ടി ഡാമുകളിലെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കല്ലാർകുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്കുണ്ട്. പാമ്പ്ളെയിൽ 50 സെൻ്റീമീറ്റർ, കല്ലാർകുട്ടിയിൽ ഒരു അടി എന്ന രീതിയിലാകും ഷട്ടർ ഉയർത്തുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.