പാലക്കാട് കമ്പാലത്തറ ഏരിയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചിറ്റൂർ അണിക്കോട് തറക്കളം ചൈതന്യയിൽ മുരളി മേനോൻ്റെ മകൻ വിഷ്ണുപ്രസാദ് (18), പുതുനഗരം കുളത്തുവീട് മായൻ വീട്ടിൽ മുരളീധരൻ്റെ മകൻ കാർത്തിക് (19) എന്നിവരാണ് മരിച്ചത്.
അപകടമുണ്ടായത് ഞായറാഴ്ച വൈകീട്ട് നാലേകാലോടെയാണ്. വിഷ്ണുവും കാർത്തിക്കും നാല് സുഹൃത്തുക്കൾക്കൊപ്പമാണ് കമ്പാലത്തറ ഏരിയിലെത്തിയത്. കന്നിമാരിയിലെ സുഹൃത്തിൻ്റെ വീട്ടിലാണ് ഇവർ ആദ്യം എത്തിയത്. അവിടെ നിന്നാണ് ഏരിയിലേക്ക് പോയത്.
കാർത്തിക്കും വിഷ്ണുപ്രസാദും കുളിക്കുന്നതിനായി ഏരിയിലിറങ്ങി. വിഷ്ണുപ്രസാദ് ഒഴുക്കിൽപ്പെടുകയായിരുന്നു. വിഷ്ണുപ്രസാദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർത്തിക് ഒഴുക്കിൽപ്പെട്ടത്. 5 മണിയോടെ സംഭവസ്ഥലത്തെത്തിയ ചിറ്റൂർ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം ലഭിച്ചു.
ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടവിവരമറിഞ്ഞയുടൻ മന്ത്രി കെ. കൃഷ്ണൻകുട്ടി സംഭവസ്ഥലത്ത് എത്തിയിരുന്നു.