ലോക കേരളസഭ തുടരില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേരള മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ് ലോക കേരളസഭ തുടരില്ല എന്നത്. അതിലൊരു മാറ്റവുമില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടത്തിയതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിൻ്റെ പരിഗണനയിൽ ഇല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവിൽ ഓഫീസുണ്ട്. നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും അഡ്മിനിസ്ട്രേറ്റീവ് എക്സ്പൻസിനും മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. സർക്കാരിൻ്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ് പ്രവാസി ക്ഷേമ പദ്ധതികൾ. അത്തരം നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക കേരള സഭയുമായി ബന്ധപ്പെട്ട് വി ഡി സതീശന് യൂടേണടിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.