ഇന്ന് മുതൽ കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് 529 രൂപ. 110 രൂപ ലിറ്ററിന് കൂട്ടാൻ തീരുമാനിച്ചതോടെയാണ് ഇത്. നാടൻ വെളിച്ചെണ്ണയും മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും ലീറ്ററിന് 420 – 480 രൂപയ്ക്കു കിട്ടുമ്പോഴാണു കുത്തനെയുള്ള വില വർദ്ധന. സംസ്ഥാനത്ത് ഇതോടെ ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. 4 മാസത്തിനുള്ളിൽ നാലാമത്തെ വില വർദ്ധനയാണിത്.
ഓണക്കാലത്താണ് കേരയ്ക്ക് ഏറ്റവും കൂടുതൽ വിറ്റുവരവ്. ഓരോ ഓണത്തിനും വിറ്റഴിയുന്നത് 2500 ടണ്ണാണ്. എന്നാൽ, വില സാധാരണക്കാരന് താങ്ങാനാകാത്ത നിലയിലെത്തിയതിനാൽ ഇക്കുറി ഉപഭോക്താക്കൾ മറ്റു ബ്രാൻഡുകളിലേക്ക് തിരിയും. പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിർത്താൻ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ഉൽപാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയർത്തിയത്.