കാസർകോട് വിദ്യാർത്ഥിയെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർകോട് ബെള്ളൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വല്‍ (14) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
ബെള്ളൂർ കുഞ്ചത്തൊട്ടിയിലെ ജയകര- അനിത ദമ്പതികളുടെ മകനാണ് പ്രജ്വൽ. മാതാവ് അനിത മുള്ളേരിയ സ്കൂളില്‍ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോള്‍ മകനെ കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.