വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ തുറന്നുകിടന്ന വാട്ടർ ടാങ്കിൽ വീണ് മൂന്നും അഞ്ചും വയസ്സുള്ള സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോൻപ്പാറ കൂരാൻക്കാട്ടിൽ ജോൺ കുമാറിൻ്റെ മക്കളായ അഞ്ചുവയസ്സുകാരി ജനിഫർ ജൂലിയറ്റും മൂന്നുവയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറും ആണ് മരിച്ചത്.

വീട്ടുപരിസരത്ത് ഒരുമിച്ച് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികളെ കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ടാങ്കിനുള്ളിൽ കണ്ടെത്തിയത്.

ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts