കർണാടക മന്ത്രിസഭയുടെ രണ്ടാംഘട്ട വികസനം ഈ മാസം 13ന് നടന്നേക്കും. രണ്ടാംഘട്ടത്തിൽ 20 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രിമാരുടെ പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കിയതായും കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ 12ന് ഡൽഹിയിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഹൈക്കമാൻഡിൻ്റെ അംഗീകാരം ലഭിച്ചാൽ 13ന് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
സത്യപ്രതിജ്ഞയുടെ തീയതി സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ബുധനാഴ്ച ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുമ്പ് ജൂൺ 3ന് നടന്ന ആദ്യഘട്ട മന്ത്രിസഭാ രൂപീകരണത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. രണ്ടാംഘട്ട വികസനത്തോടെ മന്ത്രിസഭയുടെ സമ്പൂർണ രൂപം നിലവിൽ വരുമെന്നാണ് വിലയിരുത്തൽ.