ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനിൽ ഉണ്ടായ സാങ്കേതിക തകരാർ യാത്രക്കാരെ വലച്ചു. ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന തിരക്കേറിയ സമയത്താണ് സർവീസ് മന്ദഗതിയിലായത്.

ഇന്നലെ രാവിലെ 8.23-ഓടെ ആരംഭിച്ച സാങ്കേതിക തകരാർ 8.38 വരെ നീണ്ടുനിന്നതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. ഇതേ തുടർന്ന് ട്രെയിനുകളുടെ വേഗത കുറച്ചതോടെ സർവീസുകൾ വൈകുകയും, ചില സ്റ്റേഷനുകളിൽ യാത്രക്കാർക്ക് അരമണിക്കൂറിലേറെ കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.

സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാടവാര വരെ 32 സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഗ്രീൻ ലൈനിലെ എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു. ട്രെയിനുകൾ വൈകിയതോടെ പലർക്കും ലക്ഷ്യസ്ഥാനങ്ങളിലെത്താൻ വൈകി.

സംഭവത്തെ തുടർന്ന് നിരവധി യാത്രക്കാർ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി. ട്രെയിൻ വൈകുന്നതിനെക്കുറിച്ച് വ്യക്തമായ അറിയിപ്പുകൾ പോലും ലഭിച്ചില്ലെന്നായിരുന്നു പ്രധാന പരാതി. രണ്ട് മണിക്കൂറിനുശേഷം, രാവിലെ 10.30-ഓടെ സർവീസ് സാധാരണ നിലയിലായതായി ബി.എം.ആർ.സി.എൽ അറിയിച്ചു.

കഴിഞ്ഞ മാസവും പർപ്പിൾ ലൈനിലെ കബ്ബൺ പാർക്ക് സ്റ്റേഷനിൽ രണ്ടുതവണ സാങ്കേതിക തകരാർ മൂലം സർവീസ് തടസ്സപ്പെട്ടിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങൾ നമ്മ മെട്രോയുടെ വിശ്വാസ്യതയെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുകയാണ്.

Related Posts