ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് കണ്ണൂർ–കോയമ്പത്തൂർ (16607), കോയമ്പത്തൂർ–കണ്ണൂർ (16608) എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

നവംബർ 26ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന 16607-ാം നമ്പർ എക്സ്പ്രസ് പാലക്കാട് ജങ്ഷൻ വരെയേ സർവീസ് നടത്തുകയുള്ളൂ. പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കിയിട്ടുണ്ട്.

അന്നേദിവസം കോയമ്പത്തൂരിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട 16608-ാം നമ്പർ എക്സ്പ്രസും കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ സർവീസ് നടത്തില്ല. പാലക്കാട് ജങ്ഷനിൽനിന്ന് വൈകിട്ട് 3.10നാകും ട്രെയിൻ യാത്ര ആരംഭിക്കുക. യാത്രക്കാർ പുതുക്കിയ സമയക്രമം പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു.

ചർലപ്പള്ളി–കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195) നവംബർ 22ന് പൂർണമായും റദ്ദാക്കി. കൊല്ലം–ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196) നവംബർ 24നും സർവീസ് നടത്തില്ല.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോർ–മംഗളൂരു സെൻട്രൽ–ചെന്നൈ എഗ്മോർ എക്സ്പ്രസ് ട്രെയിനുകളിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചു. ചെന്നൈ എഗ്മോർ–മംഗളൂരു എക്സ്പ്രസിൽ (16159) നവംബർ 20 മുതലും മംഗളൂരു–ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16160) നവംബർ 22 മുതലുമാണ് അധിക കോച്ച് ഉൾപ്പെടുത്തിയത്.

Related Posts