സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിൽ കന്നഡിഗർക്ക് സംവരണം ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കർണാടക രക്ഷണ വേദികെ (കെആർവി) ഡിസംബർ 12ന് പ്രതിഷേധ മാർച്ച് നടത്തും. ഐടി, ബയോടെക്നോളജി (ഐടി/ബിടി) കമ്പനികൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളിൽ തദ്ദേശീയർക്ക് സംവരണം ഏർപ്പെടുത്തണമെന്നാണ് സംഘടനയുടെ ആവശ്യം.
നാഷണൽ കോളജ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന മാർച്ച് വിധാൻ സൗധയിൽ എത്തിച്ചേരും. തുടർന്ന് ഫ്രീഡം പാർക്കിൽ രാത്രി മുഴുവൻ പ്രതിഷേധ സമരവും സംഘടിപ്പിക്കും. കർണാടകയുടെ വിവിധ ജില്ലകളിൽനിന്നായി ആയിരക്കണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുമെന്ന് കെആർവി പ്രസിഡണ്ട് ടി.എ. നാരായണ ഗൗഡ അറിയിച്ചു.
തദ്ദേശീയ ഉദ്യോഗാർഥികൾക്കുള്ള തൊഴിൽ സംവരണ ബിൽ സർക്കാർ പുനരുജ്ജീവിപ്പിച്ച് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിലെ കന്നഡിഗരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതുവരെ പ്രക്ഷോഭം പിൻവലിക്കില്ലെന്നും നാരായണ ഗൗഡ വ്യക്തമാക്കി.
സംഘടനയുടെ ‘ആഗ്രഹ അഭിയാൻ’ പ്രചാരണത്തിൻ്റെ ഭാഗമായാണ് പ്രതിഷേധ പ്രഖ്യാപനം. ഇതിൻ്റെ ഭാഗമായി കെആർവി പ്രവർത്തകർ മാന്യത ടെക് പാർക്ക് സന്ദർശിക്കുകയും 45ഓളം ഐടി/ബിടി, സ്വകാര്യ കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. നഗരത്തിലെ മറ്റ് ടെക് പാർക്കുകളിലും സ്ഥാപനങ്ങളിലും സമാനമായ സന്ദർശനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
2024ലെ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രീസ്, ഫാക്ടറീസ് ആൻഡ് അദർ എസ്റ്റാബ്ലിഷ്മെന്റ്സ് (എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ്) ബിൽ വീണ്ടും നടപ്പാക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. എതിർപ്പുകളെത്തുടർന്ന് സർക്കാർ ഈ ബിൽ നേരത്തെ മാറ്റിവെച്ചിരുന്നു.
ബില്ലിലെ നിർദേശപ്രകാരം മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും മാനേജ്മെന്റ് ഇതര തസ്തികകളിൽ 70 മുതൽ 75 ശതമാനം വരെയും പ്രാദേശിക ഉദ്യോഗാർഥികൾക്ക് സംവരണം നൽകണം. ഗ്രൂപ്പ് സി, ഡി തസ്തികകളിൽ 100 ശതമാനം സംവരണമാണ് ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടനപത്രികയിൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും കന്നഡിഗർക്ക് 80 ശതമാനം തൊഴിൽ സംവരണം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് നടപ്പാക്കണമെന്നും നാരായണ ഗൗഡ ആവശ്യപ്പെട്ടു.