ഏതു കാലഘട്ടത്തിലെയും പ്രതിസന്ധികളെ അതിജീവിച്ച് പരിഹാരം കണ്ടെത്താനും സമകാലിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും ശേഷിയുള്ള ദർശനമാണ് ഇസ്ലാമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാംഗം യൂസുഫ് ഉമരി പറഞ്ഞു. സർവമനുഷ്യരെയും ഒരൊറ്റ കുടുംബമായി ചേർത്തുപിടിക്കുന്ന ഇസ്ലാം നീതിയും ആർദ്രതയും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്നു. വർഗീയതയും വിഭാഗീയതയും വിദ്വേഷവും ഇസ്ലാമിക ആദർശത്തിന് വിരുദ്ധമാണ്. ഈ മൂല്യങ്ങളുടെ വർത്തമാനകാല പ്രതിനിധാനമാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി നിർവഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമി ബെംഗളൂരു നോർത്ത് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ പ്രസ്ഥാനചരിത്രത്തിലെ ആദ്യ ഏരിയാ സമ്മേളനത്തിൽ ഏരിയാ പ്രസിഡണ്ട് ഇസ്മായിൽ അറഫാത്ത് അധ്യക്ഷത വഹിച്ചു.
ആലുവ അസ്ഹറുൽ ഉലൂം കോളേജ് പ്രിൻസിപ്പൽ ഫൈസൽ എം.പി, ജി.ഐ.ഒ. കേരള സംസ്ഥാന പ്രസിഡണ്ട് ഷിഫാന കെ, മുഹമ്മദ് ഖുത്വുബ് എന്നിവർ പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. പ്രൊഫ. ഫൈസൽ എം.പി. ‘സുഗന്ധമുള്ള ജീവിതം’ എന്ന ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദിൻ്റെ ചരിത്രവും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്ന ‘ഹം സഫർ’ ഡോക്യു-ഫിക്ഷനും പ്രദർശിപ്പിച്ചു. പ്രസ്ഥാനത്തിൻ്റെ പോഷകഘടകങ്ങൾ, മീഡിയ, വിദ്യാഭ്യാസം, സാംസ്കാരികം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ ഇതിൽ അവതരിപ്പിച്ചു. സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് യൂസുഫ് ഉമരി ഉൾപ്പെടെയുള്ള പാനലിസ്റ്റുകൾ മറുപടി നൽകി.
ജമാഅത്തെ ഇസ്ലാമി കേരളം 190 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഏരിയാ കൺവെൻഷനുകളിൽ നാലെണ്ണം ബെംഗളൂരുവിലാണ്. മസ്ജിദ് റഹ്മ ഖത്തീബ് കെ.വി. ഖാലിദിൻ്റെ ഖുർആൻ ക്ലാസോടെ ആരംഭിച്ച സമ്മേളനത്തിൽ ജനറൽ കൺവീനർ അനൂസ് എ. സ്വാഗതവും ജെ.ഐ.എച്ച്. കേരള ബെംഗളൂരു സിറ്റി കമ്മിറ്റി അംഗം അഹമ്മദ് റമീസ് വല്ലപ്പുഴ നന്ദിയും പറഞ്ഞു.