നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള (കലേന അഗ്രഹാര – നാഗവാര) നാലാമത്തെ ട്രെയിൻ കഴിഞ്ഞ ദിവസം എത്തി. ഭാരത് എർത്ത് മുവേഴ്സ‌് ലിമിറ്റഡ് (ബിഇഎംഎൽ) നിർമിച്ച ട്രെയിനാണ് കൊത്തന്നൂരിലെ ഡിപ്പോയിൽ എത്തിച്ചത്. നാലാമത്തെ ട്രെയിൻകൂടി എത്തിയതോടെ കലേന അഗ്രഹാര മുതൽ തവരക്കെരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാത മേയ് അവസാനത്തോടെ തുറക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) പദ്ധതിയിടുന്നു. ട്രെയിൻ ഉടൻ തന്നെ സാങ്കേതിക പരിശോധനകൾക്കും പരീക്ഷണ ഓട്ടത്തിനും വിധേയമാക്കും. പാത നിലവിൽ വരുന്നതോടെ നമ്മ മെട്രോയുടെ മൊത്തം ദൈർഘ്യം 117.6 കിലോമീറ്ററായി മാറും.
പാത നഗരത്തിൻ്റെ തെക്കൻ മേഖലകളിലുള്ളവർക്ക് ഏറെ പ്രയോജനപ്പെടും. ബെന്നാർഘട്ട റോഡിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തവരക്കെരെ മു തൽ നാഗവാര വരെയുള്ള ഭൂഗർഭപാത ഈ വർഷം അവസാനത്തോടെ തുറക്കും. പർപ്പിൾ ലൈൻ, യെലോ ലൈൻ എന്നിവയെ ബന്ധിപ്പിച്ച് കടന്നുപോകുന്ന പിങ്ക് ലൈനിൽ 18 സ്റ്റേഷനുകളാണ് ഉണ്ടാകുക. എംജി റോഡ് മെട്രോ സ്റ്റേഷനിലാണ് പർപ്പിൾ ലൈനുമായി (വൈ റ്റ്ഫീൽഡ് – ചല്ലഘട്ട) ചേരുന്നത്. ജയദേവ ഹോസ്‌പിറ്റൽ സ്‌റ്റേഷനിൽ യെലോ ലൈനുമായും (ആർവി റോഡ് -ബൊമ്മസന്ദ്ര) ചേരും.