കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് മന്ത്രിസഭയിൽ. വെള്ളിയാഴ്ച കർണാടകയിലെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) മന്ത്രിസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ അധ്യക്ഷതയിൽ വിധാൻസൗധയിൽ ചേർന്ന യോഗത്തിൽ ജാതി സെൻസസ് റിപ്പോർട്ട് ചർച്ചക്ക് വെച്ചെങ്കിലും അന്തിമ അനുമതിയായിട്ടില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ വ്യക്തമായി പരിശോധിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടതിനാൽ, ഏപ്രിൽ 17 ന് വീണ്ടും ഇക്കാര്യത്തിൽ മന്ത്രിസഭ യോഗം ചേരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിശദ ചർച്ച അടുത്ത മന്ത്രിസഭ യോഗത്തിൽ നടക്കുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടിലും അറിയിച്ചു. 2015 ൽ തയാറാക്കിയ ജാതി സെൻസസ് റിപ്പോർട്ടിലെ ജനസംഖ്യാ അനുപാതക്കണക്കുകൾ നേരത്തേ ചോർന്നിരുന്നു. ഇതുപ്രകാരം, കർണാടകയിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾ കഴിഞ്ഞാൽ ജനസംഖ്യയിൽ മുസ്ലിംകളാണ് മുന്നിൽ. സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ വൊക്കലിഗ, ലിംഗായത്തുകളുടെ ശതമാനത്തിൽ കുറവുവന്നിട്ടുണ്ട്. ജാതി സെൻസസ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ഭേദമന്യേ വൊക്കലിഗ, ലിംഗായത്ത് സമുദായ നേതാക്കൾ സിദ്ധരാമയ്യ സർക്കാറിൽ സമ്മർദം ചെലുത്തുന്നുണ്ട്.