ബെംഗളൂരുവിലെ വിധാൻ സൗധയിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. കേരളം ലഹരിമാഫിയക്കെതിരെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യവും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണവും ചർച്ചയിലെ പ്രധാന വിഷയങ്ങളായി. ഓപ്പറേഷൻ തൂഫാൻ്റെ വിജയത്തെ അഭിനന്ദിച്ച ഡി.കെ.ശിവകുമാർ, എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാകുന്ന നടപടിയാണിതെന്ന് അഭിപ്രായപ്പെട്ടു. ലഹരിമാഫിയക്കെതിരായ പോരാട്ടത്തിൽ കർണാടക സർക്കാരിൻ്റെ പൂർണ പിന്തുണ ഉറപ്പുനൽകിയ അദ്ദേഹം, സംസ്ഥാനത്ത് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു.
കേരള–കർണാടക പൊലീസ് സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാനും രഹസ്യാന്വേഷണ വിവരങ്ങൾ പരസ്പരം കൈമാറാനും തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ആരംഭിക്കാൻ കർണാടക ചീഫ് സെക്രട്ടറിക്ക് ഡി.കെ.ശിവകുമാർ നിർദേശം നൽകിയതായും അറിയിച്ചു.
ഇരു സംസ്ഥാനങ്ങളുടെയും പൊലീസ് മേധാവിമാർ പങ്കെടുക്കുന്ന ദക്ഷിണേന്ത്യൻ ഡി.ജി.പി.മാരുടെ യോഗം ജൂലൈ 10ന് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നടക്കും. ലഹരിക്കടത്ത് തടയുന്നതിനുള്ള സംയുക്ത പ്രവർത്തനങ്ങൾ, അതിർത്തി മേഖലകളിലെ പരിശോധനകൾ, വിവരശേഖരണവും പങ്കുവെക്കലും ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും കേരള–കർണാടക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സംയുക്ത നടപടികൾ തുടരുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ചു.