കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർഥികളുടെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേസ് വീണ്ടും ഹൈക്കോടതിയിലേക്ക് തിരിച്ചയച്ച കോടതി, സിംഗിൾ ബെഞ്ചിനോട് അടിയന്തരമായി വാദം കേൾക്കാൻ നിർദേശിച്ചു.

ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ തീരുമാനം വിദ്യാർഥികൾക്ക് അനുകൂലമായാൽ പ്രത്യേക പരീക്ഷ നടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അങ്ങനെയൊരു ഉത്തരവുണ്ടായാൽ സർവകലാശാലയുടെ നടപടികൾ വിദ്യാർഥികളുടെ അക്കാദമിക് താൽപര്യങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ പി.എം. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സർവകലാശാലകളിൽ അച്ചടക്കവും ചട്ടങ്ങളും പാലിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സസ്പെൻഷൻ കാരണം ഹാജർ കുറഞ്ഞതാണെന്നും സർവകലാശാല മനഃപൂർവം ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതാണെന്നും വിദ്യാർഥികൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് വാദിച്ചു. എന്നാൽ ഹാജർനില പരിശോധിക്കേണ്ടത് കോടതിയാണെന്നായിരുന്നു സർവകലാശാലയുടെ നിലപാട്.

പരീക്ഷാ ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിൻ്റെ അനുകൂല ഉത്തരവ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു ഹർജി.

Related Posts