ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) ഫൈൻ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ബഹുഭാഷാ നാടക മത്സരത്തിൻ്റെ ഭാഗമായി ബെൽമ അവതരിപ്പിക്കുന്ന മലയാള നാടകം ‘സൃഷ്ടി’ ഇന്ന് അരങ്ങിലെത്തും. വൈകിട്ട് 6.30ന് ബെൽ കലാക്ഷേത്രയിലാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. 90 മിനിറ്റാണ് നാടകത്തിൻ്റെ ദൈർഘ്യം.
മലയാള നാടകവേദിയിൽ ശ്രദ്ധേയമായ സാമൂഹിക ഇടപെടൽ നടത്തിയ കെ.ടി. മുഹമ്മദിൻ്റെ ശക്തമായ രചനകളിലൊന്നാണ് ‘സൃഷ്ടി’ എന്ന നാടകം. വിശപ്പും ചൂഷണവും സാമൂഹിക അസമത്വവും അധഃസ്ഥിതരുടെ അവകാശനിഷേധവും ഭരണകൂടത്തിൻ്റെ വീഴ്ചകളും ആണ് നാടകത്തിൻ്റെ പ്രമേയം. 1970-കളിൽ അരങ്ങിലെത്തിയ ഈ കൃതി, കാലം മാറിയിട്ടും അതിൻ്റെ സാമൂഹിക പ്രസക്തി നിലനിർത്തുന്നു.
അമിത വി.ആർ. സംവിധാനം ചെയ്യുന്ന നാടകത്തിൽ ഉമേഷ് പി., മുഹമ്മദ് ഫർഹാൻ, അനീഷ് കെ.ജി., അനീഷ് ജി., ശൈലേഷ്, അനുപ് എസ്, ലത.ജി, ലക്ഷ്മി, അഖില, ശ്രീഹരി, സച്ചിൻ, മുഹമ്മദ് വസിം എന്നിവർ പ്രധാന വേഷങ്ങളിലെത്തും. ശ്രീജനനിയാണ് സംഗീതം. നിതിൻ സ്റ്റീഫനും സുദേന്ദു ഉമേഷും പ്രകാശനിയന്ത്രണം നിർവഹിക്കും. സജി, റിനീഷ് എന്നിവരാണ് രംഗക്രമീകരണം.