‘കലാച്ചി’ നോവലുമായി ബന്ധപ്പെട്ട കോപ്പിയടി വിവാദത്തിൽ നിയമനടപടിയിലേക്ക് കടന്ന് എഴുത്തുകാരി കെ.ആർ. മീര. ‘സിൻ’ നോവലിൻ്റെ രചയിതാവായ ഹരിത സാവിത്രിക്ക് മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം കെ.ആർ. മീര അറിയിച്ചത്.
ഹരിത സാവിത്രി ഉന്നയിച്ച ആരോപണങ്ങളും പരാമർശങ്ങളും തൻ്റെ വ്യക്തിപരമായും സാഹിത്യപരമായും സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും അതിനാലാണ് നിയമനടപടി സ്വീകരിക്കുന്നതെന്നും മീര വ്യക്തമാക്കി.
ഹരിത സാവിത്രിയുടെ ഫേസ്ബുക്ക് പോസ്റ്റോടെയാണ് ‘കലാച്ചി’–’സിൻ’ കോപ്പിയടി വിവാദം ചർച്ചയായത്. കാമുകനെ തേടി വിദേശത്തെ സംഘർഷ മേഖലയിൽ എത്തുന്ന യുവതിയുടെ ജീവിതമാണ് ഇരുനോവലുകളുടെയും പ്രമേയമെന്ന് ഹരിത ആരോപിച്ചിരുന്നു. ‘സിൻ’ കുർദിസ്ഥാൻ്റെ പശ്ചാത്തലത്തിലാണെങ്കിൽ, ‘കലാച്ചി’ കസാക്കിസ്ഥാനിലെ കലാച്ചിയെ ആസ്പദമാക്കിയാണ്.
2022-ലാണ് ‘സിൻ’ പ്രസിദ്ധീകരിച്ചത്. 2023-ൽ ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 2025-ലാണ് ‘കലാച്ചി’ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. എന്നാൽ, നോവലിൻ്റെ ആദ്യഭാഗങ്ങൾ 2020-ൽ തന്നെ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നുവെന്നാണ് കെ.ആർ. മീരയുടെ വിശദീകരണം. ഈ വാദം ഹരിത സാവിത്രി തള്ളിക്കളഞ്ഞതോടെയാണ് വിവാദം കൂടുതൽ ശക്തമായത്.
കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്
എൻ്റെ പ്രിയ വായനക്കാരുടെയും എന്നെ സ്നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിൻ്റെയും അറിവിലേക്ക് :
എൻ്റെ ‘കലാച്ചി’ എന്ന നോവലിനെയും ‘കലാച്ചി’യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിൻ്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ, ഇതുസംബന്ധിച്ചുള്ള നിയമ നടപടികൾക്കു മുന്നോടിയായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗൽ നോട്ടീസ് അയച്ചുകഴിഞ്ഞു. നോട്ടീസിൽ ഞാൻ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ, നോട്ടീസിൽ രേഖപ്പെടുത്തിയ തീയതിക്കകം
ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുക മാത്രമേ എനിക്കു മാർഗമുള്ളൂ. ലീഗൽ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ അറിയിക്കാം.
സ്നേഹത്തോടെ,
കെ ആർ മീര