കൈരളി കലാസമിതി ബെംഗളൂരുവിൻ്റെ ഓണോത്സവം 2026 കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. കേരള വനിതാ ശിശുവികസനം മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയായി. നാടിൻ്റെ സംസ്കാരവും ഐതിഹ്യവും തലമുറകളായി പകർന്നു നൽകിക്കൊണ്ടുള്ള സാമൂഹിക ജീവിതമാണു മറുനാടൻ മലയാളികൾ നയിക്കുന്നതെന്നു മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കേരളത്തിൽ ഓണാഘോഷം കഴിഞ്ഞാലും മറുനാടൻ മലയാളികളുടെ ഓണാഘോഷം മാസങ്ങൾ നീണ്ടുനിൽക്കുന്നതാണെന്നും അവർ പറഞ്ഞു. കെ.ആർ. പുരം എംഎൽഎ ബൈരതി ബസവരാജ്, പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം എന്നിവർ വിശിഷ്ടാതിഥികളായി.
പൂക്കളമത്സരത്തോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കൈരളി മഹിളാവേദി, കൈരളി നിലയം സ്കൂളിലെ വിദ്യാർഥികൾ, യുവജനവേദി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് ഓണസദ്യയും നടന്നു.
പൊതുസമ്മേളനത്തിൽ കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.സുധീഷ് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ. നായർ, ട്രഷറർ വി.എം. രാജീവ്, അസിസ്റ്റന്റ് സെക്രട്ടറി സി. വിജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് രഹിത കൃഷ്ണദാസും ചെറുശ്ശേരി അർജുനും സംഘവും അവതരിപ്പിച്ച ഇരട്ട തായമ്പക അരങ്ങേറി. ഓണോത്സവത്തിൻ്റെ പ്രധാന ആകർഷണമായ മ്യൂസിക്കൽ നൈറ്റ് പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിച്ചു. സംഗീതനിശയോടെ ഓണോത്സവത്തിന് ആവേശകരമായ സമാപനമായി.