ബംഗളുരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതി 2025ൽ ഏർപ്പെടുത്തിയ കൈരളി കലാസമിതി സാഹിത്യ പുരസ്കാരം സാറാ ജോസഫിന് സമ്മാനിക്കും.
കൈരളി കലാസമിതി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെച്ച് കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളിയും ജനറൽ സെക്രട്ടറി പി.കെ.സുധീഷും സംയുക്തമായിട്ടാണ് അവാർഡ് ജേതാവിൻ്റെ പേര് പ്രഖ്യാപിച്ചത്.
മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ.പി.രാജഗോപാൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരാ ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഷെഫീഖ് രൂപകല്പന ചെയ്ത ശില്പവും ആണ് അവാർഡ്. ജൂലൈ 12ന് കൈരളി നിലയം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം സമർപ്പിക്കും.
ജൂലൈ 12ന് രാവിലെ 10 മണിമുതൽ നടക്കുന്ന സാഹിത്യോത്സവത്തിൽ സാറാ ജോസഫ്, സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ.പി.രാജാഗോപാലൻ തുടങ്ങിയവർ പങ്കെടുക്കും. സാഹിത്യ കൃതികളുടെ ഉള്ളടക്കത്തിലും രൂപശില്പത്തികവിലുമുള്ള വൈവിധ്യത്തെക്കുറിച്ചും ദാർശനികമായ അഗാധതയെ കുറിച്ചുമുള്ള പ്രൗഡഗംഭീരമായ പ്രഭാഷണങ്ങൾ, വ്യത്യസ്ത സാഹിത്യ ശാഖകളെ അടിസ്ഥാനമാക്കിയുള്ള ആകർഷകമായ സെഷനുകൾ, ബംഗളുരുവിലെ എഴുത്തുകാരും സഹൃദയരും പങ്കെടുക്കുന്ന സംവാദങ്ങൾ തുടങ്ങിയവ ഈ സാഹിത്യോത്സവത്തിൻ്റെ സവിശേഷതകളായിരിക്കും. മലയാളസാഹിത്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ മഹനീയ വ്യക്തിത്വങ്ങളെ അംഗീകരിക്കാനും ആദരിക്കാനുമാണ് കൈരളി കലാസമിതി ഇങ്ങനെയൊരു പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. കൈരളി കലാസമിതി ആദ്യ സാഹിത്യപുരസ്കാരം എൻ.എസ്.മാധവനായിരുന്നു.