കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി(സി ജെ പി). നീറ്റ് ചോദ്യപേപ്പർ ചോർച്ച, ഭരണപരമായ അനാസ്ഥ, സാങ്കേതിക തകരാറുകൾ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നത് വരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി ജെ പി വ്യക്തമാക്കി. പൂനെയിൽ നിന്നാണ് സമര പരമ്പരയ്ക്ക് തുടക്കമിടുന്നത്. പിന്നീട് ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സി ജെ പി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ലക്ഷക്കണക്കിന് യുവാക്കളെ ബാധിക്കുന്ന പ്രശ്നത്തിൽ മന്ത്രി രാജിവെക്കും വരെ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് സി ജെ പി പറഞ്ഞു. വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകുന്നില്ലെന്ന് സി ജെ പി കുറ്റപ്പെടുത്തി. ജൂൺ 6 ന് ഡൽഹിയിലെ ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥികൾ നടത്തിയ ചരിത്രപരമായ കൂട്ടായ്മ ഈ സർക്കാരിനെ ചോദ്യം ചെയ്യാൻ രാജ്യത്തെ യുവാക്കൾ ഭയപ്പെടുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണെന്നും സംഘടന ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാനോ അദ്ദേഹം സ്വയം രാജി വെക്കാനോ തയ്യാറാകുന്നില്ല എങ്കിൽ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും സി ജെ പി മുന്നറിയിപ്പ് നൽകി. ജൂൺ 20 മുതൽ ദില്ലിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കും. നീതിക്കായുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുസമൂഹം പങ്കാളികളാകണമെന്നും സംഘടന അഭ്യർത്ഥിച്ചു.