ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്ക് അതിശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്. അബുദാബിയിലെ അജ്ബാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു. സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായിലെ ഗുരുദ്വാരയും ക്രൈസ്‌തവ ആരാധനാലയങ്ങളും ഹിന്ദു ക്ഷേത്രവും താൽക്കാലികമായി അടച്ചു. കുവൈത്തിൽ എണ്ണ ശുദ്ധീകരണ കേന്ദ്രവും കുടിവെള്ള വൈദ്യുതി വിതരണ കേന്ദ്രവും ഇറാൻ ആക്രമിച്ചു.

അബുദാബിയിലെ അജ്ബാനിൽ നടത്തിയ മിസൈൽ ആക്രമണം യുഎഇ ശക്തമായി പ്രതിരോധിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്കും ഏഴ് നേപ്പാൾ സ്വദേശികൾക്കും പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ ഇറാൻ്റെ ആക്രമണത്തിൽ യുഎഇയിൽ പരിക്കേറ്റവരുടെ എണ്ണം 203 ആയി. അജ്ബാനിലാണ് രാജ്യത്തെ പ്രധാന സൗരോർജ പ്ലാൻ്റുകളിലൊന്ന് പ്രവർത്തിക്കുന്നത്.

ദുബായിലെ ജബൽ അലി ക്ഷേത്രം, ബർദുബായ് ക്ഷേത്രം, ജബൽ അലിയിലെ ഗുരുനാനാക് ഗുരുദ്വാര എന്നിവ അടച്ചു. ക്രൈസ്തവ ആരാധനാലയങ്ങളിൽ ദുഃഖവെള്ളി പ്രാർഥനാ ചടങ്ങുകൾ ഓൺലൈനായാണ് നടന്നത്. അബുദാബിയിലെ തന്നെ ഹബ്‌ഷാനിലും വ്യോമാക്രമണശ്രമമുണ്ടായി. ആക്രമണത്തെ തുടർന്ന് ഹബ്ഷാനിലെ ഗ്യാസ് പ്ലാൻ്റ് താത്കാലികമായി അടച്ചു. മിസൈൽ അവശിഷ്ട‌ങ്ങൾ വീണ് കെട്ടിടത്തിന് കേടുപാട് പറ്റി.
കുവൈത്തിലെ മിന അൽ അഹമ്മദി എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തിൽ തീ പിടിച്ചു. കുവൈത്തിലെതന്നെ വൈദ്യുതി വിതരണ ജലശുദ്ധീകരണ കേന്ദ്രത്തിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായി. സൗദി അറേബ്യയുാടെ കിഴക്കൻ പ്രവശ്യയിൽ ഡോണുകൾ ഉപയോഗിച്ചുള്ള ഇറാൻ്റെ ആക്രമണ ശ്രമവും പരാജയപ്പെടുത്തി.

Related Posts