ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു കൈക്കൂലി വാങ്ങവേ വിജിലൻസിൻ്റെ പിടിയിലായി. അലക്സ് മാത്യുവിൻ്റെ പക്കൽ നിന്ന് കണ്ടെത്തിയത് വൻ മദ്യശേഖരവും നിക്ഷേപവും. അലക്‌സ് മാത്യു അറസ്റ്റിലായത്, കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവൻകോണം പണ്ഡിറ്റ്സ് കോളനിയിലെ താമസക്കാരനുമായ ഗ്യാസ് ഏജൻസി ഉടമ മനോജിൻ്റെ പരാതിയിലാണ്.

ഇന്നലെ വൈകുന്നേരം ഏജൻസി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്. ഇദ്ദേഹത്തിൻ്റെ വാഹനത്തിൽ നിന്ന് ഒരുലക്ഷം രൂപ കണ്ടെത്തിയിരുന്നു. മറ്റൊരാളിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുന്നവഴി കൈക്കൂലി വാങ്ങിയതായാണ് സംശയം. അലക്‌സ് മാത്യുവിനെ സംഭവത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ സസ്പെൻഡ് ചെയ്തു.

29 ലക്ഷം രൂപയുടെ നിക്ഷേപം അലക്സ് മാത്യുവിൻ്റെ പക്കൽ ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് കൊച്ചിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിക്ഷേപത്തിൻ്റെ രേഖകൾ പിടിച്ചെടുത്തു. അലക്സ് മാത്യുവിൻ്റെ വീട്ടിൽ വൻതോതിൽ മദ്യശേഖരം കണ്ടെത്തിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിജിലൻസ് സംഘം കൊച്ചിയിലെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടിൻ്റെ മറ്റു ചില രേഖകളും പിടികൂടിയിട്ടുണ്ട്.

വിജിലൻസ് സംഘം കൊച്ചിയിലെ ഐഒസിയുടെ ഓഫീസിലും രാത്രി പരിശോധന നടത്തി. ഐഒസി അസിസ്റ്റൻ്റ് മാനേജർ ആയതുമുതൽ അലക്‌സ് മാത്യു കൈക്കൂലി വാങ്ങിയിരുന്നതായാണ് സൂചന. അലക്സിനെതിരെ കൂടുതൽ പരാതികൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നതായി വിജിലൻസ് വ്യക്തമാക്കി.

Related Posts