നോർക്ക റൂട്ട്സിൻ്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. അപകട മരണ ഇൻഷുറൻസ് തുക നിലവിൽ നാലു ലക്ഷം രൂപയായിരുന്നു. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക നിലവിലെ 2 ലക്ഷം രൂപയെന്നത് 3 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഇനി മുതൽ പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കുമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. മെഡിക്കൽ കോഴ്സു‌കളിലേക്ക് എൻ.ആർ.ഐ സീറ്റിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐഡി കാർഡ് സമർപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.

2025 ഏപ്രിൽ 1ന് എൻ.ആർ.കെ ഇൻഷുറൻസ് കാർഡ്, പ്രവാസി ഐഡി കാർഡ്, സ്റ്റുഡൻ്റ് ഐഡി കാർഡ്, പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി എന്നീ സേവനങ്ങളുടെ നിരക്കുകളും പ്രാബല്യത്തിൽ വരുന്ന വിധം പുതുക്കി. പ്രവാസി തിരിച്ചറിയൽ കാർഡ്, സ്റ്റുഡൻ്റ് ഐഡി കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ് എന്നിവയുടെ പുതിയ നിരക്ക് ജി.എസ്.ടി ഉൾപ്പെടെ 408 രൂപ വീതമാണ് (പഴയ നിരക്ക് 372 രൂപ വീതമായിരുന്നു).

പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസിയുടെ പുതിയ നിരക്ക് ജി.എസ്.ടി ഉൾപ്പെടെ 661 രൂപയാണ് (പഴയ നിരക്ക് 649 രൂപയായിരുന്നു). 2025 ഏപ്രിൽ 1 മുതൽ ഐ.ഡി കാർഡ്/ എൻ.പി.ആർ.ഐ പോളിസി എടുക്കുന്ന പ്രവാസിക്ക് അപകടമരണം സംഭവിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപയും ഇന്ത്യയ്ക്ക് അകത്തുനിന്നാണെങ്കിൽ 30,000 രൂപയും ധനസഹായം ലഭിക്കും.

Related Posts