കർണാടകയിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധന. ഓഗസ്റ്റ് 22 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 4,212 ലാബ് സ്ഥിരീകരിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ബെംഗളൂരു മേഖലയിൽ മാത്രം 3,081 കേസുകൾ റിപ്പോർട്ട് ചെയ്തു. ഗ്രേറ്റർ ബെംഗളൂരു മേഖലയിൽ 2,070 കേസുകളും ബെംഗളൂരു അർബനിൽ 1,011 കേസുകളുമാണുള്ളത്.

സംസ്ഥാനത്തെ ആകെ കേസുകളുടെ ഏകദേശം 73 ശതമാനവും ബെംഗളൂരുവിലെ രണ്ട് മേഖലകളിലായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉഡുപ്പി 300 കേസുകളുമായി സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തും മൈസൂരു 187 കേസുകളുമായി നാലാം സ്ഥാനത്തുമാണ്.

അതേസമയം, ഇപ്പോഴത്തെ വർധന മൺസൂൺ കാലത്തെ സാധാരണ സീസണൽ ഇൻഫ്ലുവൻസ ഉയർച്ചയുടെ ഭാഗമാണെന്നാണ് കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. സാധാരണയായി ജനുവരി–മാർച്ച്, ജൂലൈ–സെപ്റ്റംബർ കാലയളവിലാണ് സംസ്ഥാനത്ത് ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നത്. നിലവിലെ സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ വർഷം കർണാടകയിൽ ആകെ 4,583 ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2026ലെ കണക്ക് ഓഗസ്റ്റ് 22 വരെയുള്ളത് മാത്രമാണെന്നതിനാൽ ഈ വർഷത്തെ എണ്ണം ഇതിനകം കഴിഞ്ഞ വർഷത്തെ കണക്കിനോട് വളരെ അടുത്തെത്തിയിട്ടുണ്ട്.

രോഗനിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ, N95 മാസ്കുകൾ, PPE കിറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുകയും ആവശ്യമായാൽ വൈദ്യസഹായം തേടുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു.

Related Posts