തായ്‌പേയ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം ഇന്ത്യയുടെ 17-കാരി തൻവി ശർമ്മ സ്വന്തമാക്കി. ഫൈനലിൽ വിയറ്റ്നാമിൻ്റെ എൻഗുയെൻ തുയ് ലിന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-16, 21-16) പരാജയപ്പെടുത്തിയാണ് തൻവി കരിയറിലെ ആദ്യ വേൾഡ് ടൂർ കിരീടം ഉയർത്തിയത്.

മത്സരത്തിൻ്റെ തുടക്കം മുതൽ ആത്മവിശ്വാസത്തോടെ കളം നിറഞ്ഞ തൻവി എതിരാളിക്ക് തിരിച്ചുവരവിന് അവസരം നൽകാതെയായിരുന്നു മുന്നേറ്റം. ആദ്യ ഗെയിം 21-16ന് സ്വന്തമാക്കിയ ഇന്ത്യൻ താരം അതേ മികവ് രണ്ടാം ഗെയിമിലും ആവർത്തിച്ച് വെറും 36 മിനിറ്റിനുള്ളിൽ മത്സരം അവസാനിപ്പിച്ചു.

സെമിഫൈനലിൽ അഞ്ചാം സീഡായ തായ്‌പേയ് താരം ഹുയാങ് യു സെനെ അട്ടിമറിച്ചാണ് തൻവി ഫൈനലിലെത്തിയത്. ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരം ഫൈനലിലും അതേ മികവ് നിലനിർത്തി.

പഞ്ചാബ് സ്വദേശിനിയായ തൻവി ശർമ്മയുടെ ബാഡ്മിന്റൺ വേൾഡ് ടൂർ കരിയറിലെ ആദ്യ കിരീടമാണിത്. 2024-ലെ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിലും തൻവി അംഗമായിരുന്നു. ഈ നേട്ടത്തോടെ ഇന്ത്യൻ ബാഡ്മിന്റണിലെ മറ്റൊരു വാഗ്ദാന താരമായി തൻവി ശ്രദ്ധ നേടുകയാണ്.

Related Posts