ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ‘എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണ്’, തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി
ഇറാനിൽ 1,500 ലധികം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി സംസാരിച്ചിരുന്നു. വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ഇടപെടണമെന്ന് അവരുടെ മാതാപിതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എസ്. ജയശങ്കറിനോടും അഭ്യർത്ഥിച്ചിരുന്നു.