അണ്ടര്‍ 19 ഏകദിന ലോകകിരീടം ഇന്ത്യയ്ക്ക്. ഇന്ത്യ ഉയർത്തിയ 411 എന്ന കൂറ്റൻസ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിൻ്റെ പോരാട്ടം 311 റൺസിന് അവസാനിച്ചു. ഇന്ത്യക്ക് 100 റൺസിൻ്റെ ജയവും കിരീടവും. ഇത് ആറാം തവണയാണ് ഇന്ത്യ അണ്ടർ 19 ഏകദിന ലോകകിരീടം നേടുന്നത്.
വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരൻ തകർത്താടിയ ഫൈനലിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണ് നേടിയത്. വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയതോടെയാണ് കലാശപ്പോരിൽ ഇന്ത്യ റെക്കോഡ് സ്കോറിലേക്ക് കുതിച്ചത്. 80 പന്തിൽ നിന്ന് 175 റൺസെടുത്താണ് വൈഭവ് പുറത്തായത്. 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പവർപ്ലേയിലെ ആദ്യ ഓവറുകളിൽ പതിയെ ആണ് ഇന്ത്യൻ ബാറ്റർമാർ സ്കോറുയർത്തിയത്. സെമിയിൽ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജ് വെറും ഒൻപത് റൺസ് മാത്രമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന നിലയിലായി. പിന്നീട് ക്രീസിലിറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് എട്ടോവറിൽ 53 റൺസിലെത്തിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിൻ്റെ പോരാട്ടം 311 റൺസിന് അവസാനിച്ചു,. ഇംഗ്ലണ്ടിന് വേണ്ടി ഫോൾക്കനർ സെഞ്ചുറി നേടി. ഇന്ത്യക്ക് വേണ്ടി അംബരീഷ് മൂന്ന് വിക്കറ്റ് നേടി.