ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ. ആവേശം നിറഞ്ഞ ഫൈനലിൽ ഇറാനെ 37-34ന് കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണം സ്വന്തമാക്കിയത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം മൂന്നായി.
ആദ്യ പകുതിയിൽ 20-19ന് ഇന്ത്യ മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ നിർണായക നീക്കങ്ങളുമായി ഇന്ത്യൻ താരങ്ങൾ മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർച്ചയായ മികച്ച റെയ്ഡുകളും പ്രതിരോധവും നിർണായക ഓൾഔട്ടുകളും ഇന്ത്യയുടെ വിജയം ഉറപ്പാക്കി. ക്യാപ്റ്റൻ പുഷ്പ റാണയുടെ നേതൃത്വത്തിലായിരുന്നു ടീമിൻ്റെ മികച്ച പ്രകടനം.
പുരുഷ കബഡിയിൽ ഇന്ത്യ ഇന്ന് ഇറാനെ നേരിടും. പുരുഷന്മാരുടെ മാരത്തണിലും ഇന്ത്യ വെള്ളി മെഡൽ നേടി. 2 മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ ഫിനിഷ് ചെയ്ത സാവൻ ബർവാളാണ് വെള്ളി നേടിയത്. ഏഷ്യൻ ഗെയിംസിലെ പുരുഷ മാരത്തണിൽ 44 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലും ഇന്ത്യ വെള്ളി സ്വന്തമാക്കി. നിലവിലെ മെഡൽ പട്ടികയിൽ മൂന്ന് സ്വർണം, 11 വെള്ളി, 13 വെങ്കലം ഉൾപ്പെടെ 27 മെഡലുകളുമായി ഇന്ത്യ 12-ാം സ്ഥാനത്താണ്.