പഹൽഗാം ആക്രമണത്തിനു പിന്നാലെ, പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ. വ്യാഴാഴ്ച 3 ഷട്ടറുകളാണ് തുറന്നത്. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതു കൊണ്ടാണ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ പറഞ്ഞു. പാക് പഞ്ചാബ് പ്രവിശ്യയിലെ കർഷകരുടെ പ്രധാന ജലസ്രോതസ്സാണ് ചെനാബ്. ഹിമാചൽ പ്രദേശിൽ നിന്ന് തുടങ്ങി ജമ്മു-കശ്മീരിലൂടെ ഒഴുകി പാക് പഞ്ചാബ് പ്രവിശ്യയിലേക്ക് കടക്കുന്ന നദി പിന്നീട് സത്‌ലജ് നദിയിൽ ചേരും.

ഒട്ടേറെ കനാലുകളിലൂടെ ഇതിൽനിന്നുള്ള വെള്ളം രവി നദിയിലേക്കും എത്തിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ജലനിരപ്പുയർന്നാൽ നദീതീരത്ത് താമസിക്കുന്നവരെ ബാധിക്കും. വ്യാഴാഴ്ച രാവിലെ ബഗ്ലിഹാർ അണക്കെട്ടിലെ രണ്ടു ഷട്ടറുകളും തുറന്നിരുന്നു. പഹൽഗാം ആക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഷട്ടറുകൾ തുറന്നുവിട്ടതെന്നും പറയപ്പെടുന്നു.

Related Posts