അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ. പ്രതിരോധ മന്ത്രി കര, വ്യോമ, നാവിക സേനകളുടെ മേധാവികളുമായി ചർച്ചനടത്തുന്നുണ്ട്. വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിന്റെയും തുടർ നടപടികളുടെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. വെള്ളിയാഴ്ച പ്രതിരോധമന്ത്രാലയം വാർത്താ സമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ഏറ്റുമുട്ടൽ സംബന്ധിച്ച പല കാര്യങ്ങളിലും കേന്ദ്രം വ്യക്തത വരുത്തുമെന്നാണ് വിവരം. വാർത്താസമ്മേളനത്തിൻ്റെ സമയം സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. നിരന്തരം വെടിനിർത്തൽ കരാർ പാക് നിയന്ത്രണരേഖയിൽ ലംഘിച്ചതായി സൈന്യം അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം തവണ ഇന്ത്യക്ക് നേരെ പാക് പ്രകോപനം തുടന്നുവെന്നും ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ച്, തിരിച്ചടിച്ചതായും സൈന്യം എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
പാക് ഡ്രോൺ ആക്രമണം ഇന്ത്യൻ സേന കഴിഞ്ഞ രാത്രിയിൽ പരാജയപ്പെടുത്തിയിരുന്നു. പത്താൻകോട്ട്, ഉദ്ധംപൂർ, ജമ്മു മേഖലകളാണ് പാക് ലക്ഷ്യം വെച്ചത്. എന്നാൽ, സൈന്യം ശക്തമായി പ്രതിരോധിച്ചിരുന്നു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.