പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം ലഷ്‌കറിൻ്റെ നിഴല്‍ സംഘടനായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടെ നിലവിലെ തലവന്‍ ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിൻ്റെ സൂത്രധാരനെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് കേരളവുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സജ്ജാദ് ഗുള്‍ ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില്‍ പഠിച്ചിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ വളര്‍ത്തിയെടുത്ത ഭീകരനാണ് സജ്ജാദ് ഗുള്‍.

പഠിച്ചത് ശ്രീനഗറില്‍, ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷം സജ്ജാദ് ഗുള്‍ കേരളത്തില്‍ വന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ട് എന്നാണ് പിടിഐ പറയുന്നത്. ഇയാള്‍ ഇതിന് ശേഷം ശ്രീനഗറില്‍ തിരിച്ചെത്തി അവിടെ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്നത് തുടങ്ങുകയും ചെയ്തു.

2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നതിനിടെ ആര്‍ഡിഎക്‌സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട സജ്ജാദ് പിന്നീട് 2017ലാണ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ പാകിസ്താനിലേക്ക് പോവുകയും ചെയ്ത ഐഎസ്‌ഐയുടെ ശിക്ഷണത്തിലും ഉപദേശത്തിലും റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടന രൂപീകരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

Related Posts