പശ്ചിമേഷ്യയിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ കൈവശം നിലവിൽ ഏകദേശം 25 ദിവസത്തേക്കുള്ള ശുദ്ധീകരിച്ച എണ്ണ, ക്രൂഡ് ഓയിൽ എന്നിവയുടെ ശേഖരമുണ്ടെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‌തു.
ഓയിൽ കമ്പനികളുടെ കൈവശമുള്ള സ്റ്റോക്കും തന്ത്രപ്രധാനമായ കരുതലുകളും ഉൾപ്പെടെ ഏകദേശം 25 ദിവസത്തെ ആവശ്യത്തിനുള്ള എണ്ണ ഇന്ത്യയുടെ കൈവശമുണ്ട്. എണ്ണവിലയിൽ അന്താരാഷ്ട്ര വിപണിയിൽ ചാഞ്ചാട്ടമുണ്ടെങ്കിലും പെട്രോൾ, ഡീസൽ വില ഉടനടി വർദ്ധിപ്പിക്കാൻ പദ്ധതിയില്ല.
സാഹചര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധി കണക്കിലെടുത്ത് ക്രൂഡ് ഓയിൽ, എൽഎൻജി, എൽപിജി എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി മറ്റ് രാജ്യങ്ങളെയും ഇന്ത്യ സജീവമായി പരിഗണിക്കുന്നുണ്ട്.