ജ്യോതിയുടെ പാക് ബന്ധം സൗഹൃദത്തിന് അപ്പുറം. ചാരപ്രവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജ്യോതി മൽഹോത്രയെ (ജ്യോതി റാണി) സംശയിക്കാൻ മതിയായ കാരണങ്ങളുണ്ട് എന്നാണ് ഹരിയാന പോലീസ് പറയുന്നത്. ഏറ്റവും പ്രധാനമാണ് ഇന്ത്യ പുറത്താക്കിയ പാകിസ്താനി നയതന്ത്രജ്ഞൻ എഹ്സാൻ ഇർ റഹീം എന്ന ഡാനിഷുമായുള്ള ജ്യോതിയുടെ ബന്ധമാണ്. ജ്യോതി ഇയാളുമൊത്ത് ഒരു വ്ലോഗിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
ജ്യോതിക്ക് പാക് ഹൈക്കമ്മീഷനിൽ സുഹത്തുക്കളുണ്ട് എന്നാണ് ജ്യോതിയുടെ പിതാവ് പറയുന്നത്. ഈ സുഹൃത്തുക്കളുമായി സംസാരിച്ചത് തെറ്റാണോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. എന്നാല് ജ്യോതിയുടെ പാക് ബന്ധം വെറും സൗഹൃദത്തിന് അപ്പുറമാണെന്ന് പോലീസ് പറയുന്നു. ജ്യോതിയെ സംശയിക്കാൻ പോലീസ് പറയുന്ന കാരണങ്ങൾ ഇവയാണ്.
ജ്യോതി ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വിശദമായി വ്ലോഗുകൾ ചെയ്തിരുന്നു. ഇത് പാക് ഇൻ്റലിജൻസിനെ സഹായിക്കാനായിരുന്നു എന്നാണ് സംശയിക്കുന്നത്. പാക് ഇൻ്റലിജൻസിന് തന്ത്രപ്രധാനമായ കേന്ദ്രങ്ങളെക്കുറിച്ച് ആവശ്യമായ വിവരങ്ങൾ നൽകുകയായിരുന്നു. ഈ വ്ലോഗുകളുടെയെല്ലാം ഉദ്ദേശ്യം എന്നാണ് അന്വേഷകരുടെ അനുമാനം.
വാട്സ്ആപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ ആശയവിനിമയ ചാനലുകൾ വഴി ഇന്ത്യൻ പ്രദേശങ്ങളെകുറിച്ചും ദേശീയ സുരക്ഷയെയും കുറിച്ചുമുള്ള സുപ്രധാനമായ വിവരങ്ങൾ പാകിസ്താൻ ഇൻ്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് (പിഐഒ) നൽകി എന്നും ആരോപണമുണ്ട്. ഇങ്ങനെ നേരിട്ട് കൈമാറിയ വിവരങ്ങളുടെ സ്വഭാവം ഇനിയും വ്യക്തമായിട്ടില്ല.
ജ്യോതി ചാരവൃത്തി ആരോപിച്ച് ഇന്ത്യയിൽ നിന്ന് പുറത്താക്കപ്പെട്ട ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ സ്റ്റാഫായിരുന്ന എഹ്സാൻ-ഉർ-റഹീമുമായി അടുത്ത ബന്ധം പുലർത്തി. ഡാനിഷ് ജ്യോതിയെ നിരവധി പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി.