തുറവൂർ ഗവ. ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർഷത്തിൽ സിപിഎം, കോൺഗ്രസ്, ബിജെപി പ്രവർത്തകർക്ക് പരിക്ക്. കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെ ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കെട്ടിടത്തിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പുതിയ വായ മൂടികെട്ടി പ്രതിഷേധിക്കുന്നതിനിടെ സിപിഎം പ്രവർത്തകർ ഇവരുടെ ഇടയിലേക്കു കയറി. തുടർന്നുണ്ടായ സംഘർഷത്തിൽ എഴുപുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തങ്കച്ചനു പരിക്കേറ്റു. സംഘർഷത്തിൽ പരിക്കേറ്റ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്കു ഗുരുതര പരിക്കേറ്റ മൂന്ന് പേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വാഗത പ്രാസംഗികൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രാജേന്ദ്രൻ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെ തട്ടിക്കൂട്ടിയ ഉദ്ഘാടനത്തിനെതിരേ പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും പുറത്തേക്കു വരുന്നതിനിടെ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.