വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അതിർത്തികൾവഴിയും അനധികൃതമായി കടത്തുന്ന സ്വർണ്ണം , ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസും കസ്റ്റംസ് വകുപ്പുമാണ് പ്രധാനമായും പിടിച്ചെടുക്കുന്നത്. ഈ സ്വർണ്ണം കേസ് തീരുന്ന മുറയ്ക്ക് എസ്പിഎംസിഐഎലിലേക്ക് കൈമാറും. ഇവിടെ സംസ്കരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബുള്ള്യൻ ബിസ്കറ്റുകളാക്കിയാണ് ആർബിഐയുടെ കരുതൽശേഖരത്തിലേക്ക് മാറ്റുന്നത്. ഈ വിധത്തിൽ പിടിച്ചെടുത്ത 3,400 കിലോ സ്വർണം 2024-25 സാമ്പത്തികവർഷം, ആർബിഐയുടെ കരുതൽശേഖരത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
സെക്യൂരിറ്റി പ്രിൻ്റിങ് ആൻഡ് മിന്റ്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ ഡൽഹിയിൽ (എസ്പിഎംസിഐഎൽ) പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തുതുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എസ്പിഎംസിഐഎലിലാണ്, ഇത്തരത്തിൽ പിടിച്ചെടുക്കുന്ന സ്വർണ്ണം സംസ്കരിച്ച് ശുദ്ധീകരിക്കുന്നത്. ഡിആർഐയും കസ്റ്റംസും ചേർന്ന് 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 4,869 കിലോ സ്വർണം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് കണക്ക്. നേരത്തേ, പിടിച്ചെടുത്ത സ്വർണം എസ്ബിഐവഴി ലേലം ചെയ്യുകയായിരുന്നു രീതി.
ലേലം ചെയ്ത പിടിച്ചെടുക്കുന്ന സ്വർണ്ണം വീണ്ടും വിപണിയിലേക്കെത്തും. ഈ രീതി നിർത്തിക്കൊണ്ടാണ്, പിടിച്ചെടുത്ത സ്വർണ്ണം ശുദ്ധീകരിച്ച് ആർബിഐ ശേഖരത്തിലേക്ക് മാറ്റാൻ തുടങ്ങിയത്. സ്വർണ്ണം ആർബിഐക്ക് കൈമാറുന്നതിലൂടെ ഇവ ഔദ്യോഗിക സമ്പദ്വ്യവസ്ഥയിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്നതിന് ഇത് സഹായകമാകുന്നുമുണ്ട്.