ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായ നിരവധി പരാമർശങ്ങളാണ് പാകിസ്‌താന്‍റെ ഭാഗത്തു നിന്ന് ഉയർന്നത്. സിന്ധു നദീജല കരാർ മരവിപ്പിച്ചതും ഓപറേഷൻ സിന്ദുറുമാണ് പാക് പ്രകോപനത്തിന് പ്രേരകമായത്.

പാകിസ്‌താൻ സൈനിക മേധാവി ആസിം മുനീർ കഴിഞ്ഞ ദിവസം ഇന്ത്യ അണക്കെട്ട് നിർമ്മിച്ചാൽ അത് മിസൈൽ ഉപയോഗിച്ച് തകർക്കുമെന്ന ഭീഷണിയുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം അടങ്ങുന്നതിനു മുമ്പ്, പാകിസ്‌താൻ്റെ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

‘മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ പാകിസ്‌താന് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മോദിക്കും പ്രകോപനങ്ങൾക്കുമെതിരെ നമ്മൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 6 നദികളുടെയും നിയന്ത്രണം തിരിച്ചു പിടിക്കാൻ, യുദ്ധത്തിനുള്ള ശക്തി പാകിസ്താനിലെ ജനങ്ങൾക്കുണ്ട്.

ഇതേരീതിയിൽ ഇന്ത്യ മുന്നോട്ടു പോകുകയാണെങ്കിൽ, രാജ്യതാൽപര്യം സംരക്ഷിക്കാൻ ചിലപ്പോൾ നമുക്ക് ഏതറ്റം വരെയും പോകേണ്ടി വന്നേക്കാം. നമ്മളായിട്ട് യുദ്ധം തുടങ്ങില്ല. എന്നാൽ സിന്ദൂർ പോലുള്ള സൈനിക നീക്കങ്ങൾ നടത്തിയാൽ അത് യുദ്ധത്തിലേക്ക് നീങ്ങും. ഒരിക്കലും ഞങ്ങൾ തല കുനിക്കില്ല’ തിങ്കളാഴ്ച സിന്ധ് സർക്കാറിൻ്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ബിലാവൽ ഭൂട്ടോ പറഞ്ഞു.

Related Posts