നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനം ആർട്ടെമിസ് 2 വിക്ഷേപിച്ചു. 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനുചുറ്റും എത്തിക്കാൻ നാസ നടത്തുന്ന ചരിത്രപരമായ ദൗത്യമാണ് ആർട്ടെമിസ് 2. നാസയുടെ ആർട്ടെമിസ് രണ്ടാം ദൗത്യത്തിൻ്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് നടന്നു.
നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര. ഒരു സ്ത്രീയും ഒരു കറുത്ത വർഗ്ഗക്കാരനും ഭാഗമായ ചരിത്രത്തിലെ ആദ്യ മനുഷ്യ ചാന്ദ്ര ദൗത്യമാണിത്. മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് ആ പേടകത്തിലുള്ളത്. ഈ ദൗത്യം, ഭാവിയിലെ ചൊവ്വാ യാത്രകൾക്കും ചന്ദ്രനിലെ സ്ഥിരതാമസത്തിനും വഴിത്തിരിവാണ്. എസ്എൽഎസ് റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിച്ചത്.
ചന്ദ്രനിൽ അവസാനമായി മനുഷ്യനെ ഇറക്കിയ അപ്പോളോ 17 ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് മനുഷ്യർ ആഴത്തിലുള്ള ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ചന്ദ്രനിൽ ലൂണാർ ഗേറ്റ്‌വേ എന്ന സ്റ്റേഷൻ സ്ഥാപിക്കും. ഭൂമിയിൽനിന്നു ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം ഇതോടെ സാധ്യമാകും. ഭാവിയിൽ ചന്ദ്രനിൽ താമസമുറപ്പിച്ച് അവിടത്തെ ഹീലിയം ത്രീ ഉൾപ്പെടെ ധാതുക്കൾ ഖനനം ചെയ്യാനുള്ള മൂൺ കോളനി പദ്ധതിക്കുള്ള അടിത്തറകൂടിയാകും ആർട്ടിമിസ് പരമ്പര പൂർണമാകുന്നതോടെ തയാറാകുക. ചുരുക്കത്തിൽ മനുഷ്യവാസം ചന്ദ്രഗോളത്തിലേക്കു വ്യാപിക്കും. ഭാവിയിൽ ചൊവ്വ എന്ന ലക്ഷ്യത്തിലേക്കുള്ള ഇടത്താവളം കൂടിയായി ചന്ദ്രൻ മാറും. പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം