ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനും പ്രതിയുമായ സുകാന്ത് സുരേഷിൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്ത് സുരേഷിനെതിരെ ഇനിയും നിരവധിയായ തെളിവുകൾ പുറത്ത് വരേണ്ടതുണ്ടെന്നും കേസിൽ പുറത്ത് വന്ന തെളിവുകൾ വളരെ കുറച്ചു മാത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതി സ്നേഹത്തിൻ്റെ പേരിൽ യുവതിയെ ചൂഷണം ചെയ്യുകയാണ് ഇവിടെ ചെയ്തിട്ടുള്ളതെന്നും ഒരേ സമയം നിരവധി സ്ത്രീകളുമായും സുകാന്തിന് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗീക ബന്ധം ഉൾപ്പെടെ ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം പ്രതിയായ സുകാന്ത് സുരേഷിനെ എന്തുകൊണ്ട് രണ്ട് മാസമായി അറസ്റ്റ് ചെയ്യാതിരുന്നത് എന്നതിനുള്ള വിശദീകരണം നല്‍കണമെന്നും പോലീസിന് ഹൈക്കോടതി നിർദേശം നൽകി.
പ്രതി സുകാന്ത് സുരേഷ് ഐബി ഉദ്യോഗസ്ഥയ്ക്ക് ടെലഗ്രാമിൽ അയച്ചിരുന്ന ചാറ്റുകൾ വ്യക്തമാക്കുന്നത് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്ത് തന്നെയാണെന്നതിന്റെ തെളിവുകളാണ്. പേട്ട റെയില്‍വേ സ്റ്റേഷന് സമീപം കഴിഞ്ഞ മാര്‍ച്ച് 24നാണ് ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.