വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്. കർണാടകയിലെ നാഗസന്ദ്രയിലാണ് സംഭവം. 35 വയസുകാരിയായ കാവ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ധാര്യപ്പയെ (45) പൊലീസ് അറസ്റ്റു ചെയ്തു.
ബെംഗളൂരു സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തിയത്. ധാര്യപ്പ സഹോദരന് നൽകാൻ വച്ചിരുന്ന രണ്ടു ലക്ഷം രൂപയെ ചൊല്ലിയുണ്ടായ തർക്കമാണ് കാവ്യയുടെ കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ ധാര്യപ്പ ഭാര്യയെ ആക്രമിക്കുകയും തുടർന്ന് കഴുത്തിൽ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. മൃതദേഹത്തോടൊപ്പം രണ്ട് മണിക്കൂറോളം വീട്ടിലുണ്ടായിരുന്ന ഇയാൾ പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ദമ്പതികൾക്ക് ജുനിയർ കോളജിൽ പഠിക്കുന്ന ഒരു മകളും പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകനുമുണ്ട്. കുട്ടികൾ വീട്ടിലില്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.