ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിത്യ മൂന്നാം സ്ഥാനത്തെത്തിയത്. 54.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത യുഎഇയുടെ മറിയം കരീം സ്വർണവും 54.58 സെക്കൻഡിൽ ഓടിയെത്തിയ കസാക്കിസ്ഥാൻ്റെ അദെലിന സെംസ് വെള്ളിയും നേടി. മത്സരത്തിൽ മലയാളി താരം അനു രാഘവൻ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ തമിഴരശൻ സന്തോഷ് കുമാർ ഏഴാം സ്ഥാനത്തും എത്തി.
വെങ്കല മെഡൽ നേട്ടത്തിനൊപ്പം വിത്യ രാംരാജ് ദേശീയ റെക്കോർഡും സ്വന്തമാക്കി. 42 വർഷമായി നിലനിന്നിരുന്ന പി.ടി. ഉഷയുടെ റെക്കോർഡാണ് വിത്യ മറികടന്നത്. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡായിരുന്നു ദേശീയ റെക്കോർഡ്. നാഗോയയിൽ നടന്ന 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്തതോടെയാണ് വിത്യ പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്. ഇതോടെ ഇന്ത്യൻ അത്ലറ്റിക്സിൽ പി.ടി. ഉഷയുടെ പേരിലുണ്ടായിരുന്ന ദീർഘകാല റെക്കോർഡാണ് വിത്യ തിരുത്തിയത്.