എസ്.എസ്.എൽ.സി. പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിനായി മെയ് 14 മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. മേയ് 20 ആണ് അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി. ട്രയൽ അലോട്ട്മെൻ്റ് തീയതി മേയ് 24.
അലോട്ട്മെൻ്റ് ആദ്യ തീയതി ജൂൺ 2. രണ്ടാം അലോട്ട്മെൻ്റ് തീയതി ജൂൺ 10. മൂന്നാം അലോട്ട്മെൻ്റ് തീയതി ജൂൺ 16 മുഖ്യഘട്ടത്തിലെ 3 അലോട്ട്മെൻ്റുകളിലുടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്കൂളിലെയോ ആ പ്രദേശത്തെ ഗവണ്മെൻ്റ്/എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെന്നു മന്ത്രി ശിവൻ കുട്ടി അറിയിച്ചു. ഒന്നാം വർഷ പ്രവേശനത്തിന് മുൻപായി സ്കൂൾ പ്രിൻസിപ്പൽ പരിശോധിച്ച് ഉറപ്പുവരുത്തിയ സീറ്റ്മെട്രിക്സ് പ്രകാരം തന്നെയാണ് വിവിധ കോഴ്സുകളിലെ പ്രവേശനം എന്നത് അതത് സ്കൂൾ പ്രിൻസിപ്പൽമാർ ഉറപ്പാക്കണം.