അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രതികൾക്ക് ജാമ്യം. വിഷ്ണു, റെജിൻ മാത്യു എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മണ്ണാർക്കാട് എസ്‌സി/എസ്‌ടി കോടതിയുടേതാണ് നടപടി. പരാതിക്കാരനായ സിജുവുമായോ സാക്ഷികളുമായോ പ്രതികൾ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിർദേശിച്ചു.
അട്ടപ്പാടി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനാണ് മർദനമേറ്റത്. മെയ് 24-നായിരുന്നു കേസിനാസ്‌പദമായ സംഭവം. വാഹനത്തിന് മാർഗതടസം ഉണ്ടാക്കി എന്ന് ആരോപിച്ച് പ്രതികൾ സിജുവിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നീട് കോയമ്പത്തൂരിൽ നിന്നാണ് അഗളി പോലീസ് പ്രതികളെ പിടികൂടിയത്.