ജമ്മുകശ്മീരിൽ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ കരാറിന് പിന്നാലെ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നു. ജമ്മു, അഖിനോർ, രജൗരി, പൂഞ്ച് തുടങ്ങിയ സ്ഥലങ്ങളിലൊന്നും അർധരാത്രിക്ക് ശേഷം പാകിസ്താൻ്റെ വെടിനിർത്തൽ കരാർ ലംഘനമുണ്ടായില്ല. ഇന്ന് രാവിലെ മുതൽ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും പാകിസ്‌താൻ്റെ വെടിവെപ്പൊന്നും റിപ്പോർട്ട് ചെയ്തില്ല. ജമ്മുകശ്മീരിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

വെടിനിർത്തൽ കരാറിന് പിന്നാലെ കഴിഞ്ഞ ദിവസം പാകിസ്‌താൻ്റെ ഭാഗത്ത് നിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായിരുന്നു. എന്നാൽ, അർധ രാത്രിക്ക് ശേഷം പാകിസ്‌താൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായില്ല. അതേസമയം അമൃത്സറിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്. ജില്ലാ ഭരണകൂടം ഞായറാഴ്‌ച രാവിലേയും ജാഗ്രതാ നിർദേശം നൽകി. വീടുകൾക്കുള്ളിൽ തന്നെ ആളുകൾ തുടരണമെന്ന് ഞായറാഴ്ച രാവിലെ നൽകിയ ജാഗ്രത നിർദേശത്തിൽ പറയുന്നു. വൈകാതെ വൈദ്യുതി ബന്ധം നഗരത്തിൽ പുനഃസ്ഥാപിക്കുമെന്നും അധിക്യതർ അറിയിച്ചു.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ, ഇന്ത്യയും പാകിസ്താനും തങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അവകാശവാദത്തിന് പിന്നാലെ, ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാൻ വൈകിട്ട് ആറിന് വിളിച്ച വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്‌രിയാണ് ഇക്കാര്യം അറിയിച്ചത്. പാക് ഉപപ്രധാനമന്ത്രി ഇഷാക് ധറും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കര, നാവിക, വ്യോമ സൈനിക നടപടികളെല്ലാം നിർത്തിവെച്ചു.

Related Posts