സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനം ഹൈക്കോടതി താൽക്കാലികമായി നിർത്തിവെച്ചു. വഖഫ് ബോർഡിനെതിരെ സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെ ബോർഡിൻ്റെ എല്ലാ നടപടികളും മരവിപ്പിക്കാനാണ് കോടതി നിർദേശിച്ചത്.
ഇതിനിടെ, സംസ്ഥാന വഖഫ് വകുപ്പിൻ്റെ ജോയിന്റ് സെക്രട്ടറിക്ക് താൽക്കാലിക ഭരണച്ചുമതല ഏൽപ്പിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. മുൻ സർക്കാർ ചട്ടങ്ങൾ ലംഘിച്ചാണ് വഖഫ് ബോർഡ് രൂപീകരിച്ചതെന്ന ഹർജിയിൽ സർക്കാരിൻ്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്.
ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് സമർപ്പിച്ച ഹർജിയിലാണ് പ്രധാന നടപടി. കൂടാതെ, 2025-ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജും ഹർജി നൽകിയിരുന്നു.
നിയമപ്രകാരമുള്ള അംഗഘടന പാലിക്കാതെയാണ് നിലവിലെ വഖഫ് ബോർഡ് രൂപീകരിച്ചതെന്നും അതിനാൽ ബോർഡിൻ്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.