ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ തൂക്കം കുറഞ്ഞതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 3 ആഴ്ചയ്ക്കുളളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോർഡ് അന്വേഷണത്തിന് സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളുടെ താങ്ങ് പീഠങ്ങൾ സ്‌ട്രോംഗ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും നിർദ്ദേശം നൽകി.
സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നിരീക്ഷണം. സ്വർണ്ണം പൂശാനായി സ്വർണ്ണപ്പാളികൾ 2019 ൽ ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോൾ 42 കിലോഗ്രാമായിരുന്നു. തിരികെ കൊണ്ടുവന്നപ്പോൾ സ്വർണപ്പാളികളുടെ ഭാരത്തിൽ 4 കിലോഗ്രാം കുറവുള്ളതായി കാണുന്നു എന്നും കോടതി നിരീക്ഷിച്ചു. ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസറാണ് ദേവസ്വത്തിനുവേണ്ടി വിവരങ്ങൾ നേരിട്ട് ഹാജരാക്കിയത്.