യു ഡി എഫിൻ്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കുമെന്നു കെ സി വേണുഗോപാല്‍ അറിയിച്ചു. എല്‍ ഡി എഫിൻ്റെ പത്തു വര്‍ഷത്തെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം. യഥാര്‍ഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. യു ഡി എഫിൻ്റെ കൂട്ടായ പ്രവര്‍ത്തനവും, രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘അഴിമതിയും അക്രമരാഷ്ട്രീയവും സ്വജനപക്ഷപാതവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. മതത്തിൻ്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കയ്യടക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുഫലം’ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അഭിപ്രായപ്പെട്ടു.