ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ വാഹനത്തിന് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു. ഇട്ടമാട് സ്വദേശിയായ മഹേഷ് ആണ് മരിച്ചത്. മെയ് 6 വരെ നഗരത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
കത്രിഗുപ്പെ മെയിൻ റോഡിലെ ബസ് സ്റ്റോപ്പിന് സമീപം കനത്ത മഴയിൽ നിന്ന് രക്ഷപ്പെടാൻ രാത്രി 7:30 ഓടെ ഓട്ടോ പാർക്ക് ചെയ്തപ്പോഴാണ് അപകടം. വാഹനം നിർത്തിയപ്പോഴേക്ക് മരം കടപുഴകി ഓട്ടോയുടെ മുകളിലേക്ക് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലും പരിസരങ്ങളിലും ഇത്തവണ വേനൽ മഴ ലഭിക്കുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു.
ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൻ്റ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണിരുന്നു. ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണാണ് 45 കാരനായ മഹേഷ് മരിച്ചത്.ഇന്നലത്തെ മഴയിൽ നഗരത്തിലെ നിരവധി റോഡുകൾ വെള്ളത്തിനിടയിലായി. പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് അധികൃതർക്കെതിരെ ഉയർന്നത്.