ബെംഗളൂരുവിൽ നടപ്പാതകളിലൂടെ ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാതയിലൂടെ വാഹനം ഓടിക്കുന്നവർക്ക് ₹5,000 വരെ പിഴ ചുമത്തുന്ന നിർദേശം സർക്കാർ പരിഗണനയിലാണ്. ഗതാഗത മന്ത്രി റാംലിംഗ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ നിർദേശം മുന്നോട്ടുവന്നത്.

നിലവിൽ ട്രാഫിക് പൊലീസ് പിഴ ചുമത്തുന്നുണ്ടെങ്കിലും, അത് നിയമലംഘനം തടയാൻ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കൂടുതൽ കർശനമായ ശിക്ഷാനടപടികൾ ആലോചിക്കുന്നത്.
ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ നിരവധി ഇരുചക്ര വാഹനങ്ങൾ നടപ്പാതയിലൂടെ യാത്ര ചെയ്യുന്നത് പതിവാണ്. ഇതുമൂലം കാൽനടയാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും വിദ്യാർഥികൾക്കും ഭിന്നശേഷിക്കാർക്കും വലിയ സുരക്ഷാ ഭീഷണിയാണ് നേരിടേണ്ടിവരുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

പിഴ വർധിപ്പിക്കുന്നതോടൊപ്പം പ്രധാന ജംഗ്ഷനുകളിലും തിരക്കേറിയ റോഡുകളിലും നിരീക്ഷണം ശക്തമാക്കാനും സിസിടിവി ക്യാമറകളുടെ സഹായത്തോടെ നിയമലംഘകരെ കണ്ടെത്തി ഇ-ചലാൻ നൽകാനുമാണ് സർക്കാർ ആലോചിക്കുന്നത്. ട്രാഫിക് പൊലീസ്, ബിബിഎംപി, ഗതാഗത വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധനകൾ നടത്തുക.

നടപ്പാതകൾ കാൽനടയാത്രക്കാർക്കുള്ളതാണെന്നും, വാഹനങ്ങൾ അവ ഉപയോഗിക്കുന്നത് യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. പുതിയ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ ബെംഗളൂരുവിൽ നടപ്പാതയിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കർശന നടപടികൾ ഉടൻ നിലവിൽ വരാനാണ് സാധ്യത.

Related Posts