മൂന്ന് മാസത്തിനിടെ രണ്ടാം തവണ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ നിരക്ക് വർധിപ്പിച്ചു. ബുധനാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി ദേശീയപാത അതോറിറ്റി (NHAI) അറിയിച്ചു. ഏപ്രിൽ ഒന്നിന് ടോൾ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും ഫീസ് ഉയർത്തിയത്.

ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒറ്റയാത്രാ ടോൾ 180 രൂപയിൽ നിന്ന് 185 രൂപയായാണ് വർധിപ്പിച്ചത്. 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തുന്നവർക്ക് 275 രൂപ നൽകണം. പ്രതിമാസ പാസ് നിരക്കും 5,940 രൂപയിൽ നിന്ന് 6,100 രൂപയായി ഉയർത്തി.

അതേസമയം, ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന യോഗ്യരായ പ്രാദേശിക താമസക്കാർക്കുള്ള പ്രതിമാസ പാസ് നിരക്കായ 360 രൂപയിൽ മാറ്റമില്ല.

മിനി ബസുകൾക്കും ചെറുകിട ചരക്ക് വാഹനങ്ങൾക്കും ഒറ്റയാത്രാ ടോൾ 295 രൂപയാണ്. രണ്ട് ആക്‌സിൽ ട്രക്കുകൾക്കും ബസുകൾക്കും 620 രൂപ, മൂന്ന് ആക്‌സിൽ വാണിജ്യ വാഹനങ്ങൾക്ക് 675 രൂപ, നാല് മുതൽ ആറ് ആക്‌സിൽ വരെയുള്ള ഹെവി കൺസ്ട്രക്ഷൻ മെഷിനറികൾക്കും മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും 970 രൂപ, ഏഴോ അതിലധികമോ ആക്‌സിലുള്ള വലിയ വാഹനങ്ങൾക്ക് 1,180 രൂപ എന്നിങ്ങനെയാണ് പുതിയ ടോൾ നിരക്കുകൾ.

തുടർച്ചയായ ടോൾ വർധന ചരക്ക് ഗതാഗത ചെലവും യാത്രാച്ചെലവും വർധിപ്പിക്കുമെന്നും ഇത് സാധാരണ യാത്രക്കാരെയും വ്യാപാര മേഖലയെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

Related Posts