ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള യെല്ലോ ലൈനിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ നമ്മ മെട്രോ. ഇലക്ട്രോണിക്സ് സിറ്റി റൂട്ടിൽ സർവീസ് നടത്താനുള്ള ആറാമത്തെ തീവണ്ടി ഉടൻതന്നെ ട്രാക്കിലെത്തും. ഇതോടെ ഓഫീസ് സമയങ്ങളിലെ സർവീസുകൾ തമ്മിലുള്ള ഇടവേള 12 മിനിറ്റായി കുറയും. നിലവിൽ ഇത് 15 മിനിറ്റാണ്. പുതിയ തീവണ്ടിയുടെ മൂന്ന് കോച്ചുകൾ തിങ്കളാഴ്‌ചയും അടുത്ത മൂന്നു കോച്ചുകൾ ബുധനാഴ്ചയും ബംഗാളിൽനിന്ന് റോഡുമാർഗം അയച്ചിട്ടുണ്ട്. ആർവി റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്ക് 19.15 കിലോ മീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ ഓഗസ്റ്റിലാണ് സർവീസ് ആരംഭിച്ചത്. പത്തുമിനിറ്റ് ഇടവേളയിൽ സർവീസ് വേണമെന്നാണ് ആവശ്യം. എട്ട് തീവണ്ടികൾ സർവീസ് ആരംഭിച്ചാൽ മാത്രമാകും ഇതിന് സാധിക്കുക.

ബിഎംആർസിഎല്ലിനായി കോച്ചുകൾ നിർമിച്ചുനൽകുന്നത് ബംഗാളിലെ തിടഗാർ റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ്. ഈ മാസം അവസാനം ആകുമ്പോഴേക്കും കോച്ചുകളെത്തും. പിന്നീട് സുരക്ഷാ പരിശോധനകൾക്കും പരീക്ഷണയോട്ടത്തിനും ശേഷം അടുത്തമാസം പുതിയ തീവണ്ടി സർവീസ് ആരംഭിക്കും.

Related Posts